ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മങ്കട വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മങ്കട ഗ്രാമപഞ്ചായത്തിനു 31.33 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് അങ്ങാടിപ്പുറം, കീഴാറ്റൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകളുമാണ്. മുന്‍കാലങ്ങളില്‍ നെല്ല് മാത്രമായിരുന്നു പ്രധാനകൃഷി. നാമമാത്രമായി എള്ള്, ചാമ, റാഗി എന്നിവയും കൃഷി ചെയ്തിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശമാണ് മങ്കട. മങ്കട, കൂട്ടില്‍ പ്രദേശങ്ങളിലെ ഐരുമടകള്‍, ഇരിങ്ങാട്ടുപറമ്പിലെ ചെങ്കല്‍ക്വാറികള്‍, പണിക്കരുകുന്നിലെ എടുത്തുകുത്തി കല്ല്, പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായതെന്ന് അനുമാനിക്കുന്ന ചേരിയം ദേശത്തെ മാണിയോട്ടുപറമ്പ് ക്ഷേത്രം, കൊടക്കാട്ടു നായന്മാരുടെ ഊരാണ്മയിലായിരുന്ന കൂട്ടില്‍ ശിവക്ഷേത്രം, പുരാതനമായ കടന്നമണ്ണ ജുമാഅത്ത് പള്ളി, ചന്തക്കുളം എന്നിവ മങ്കടയുടെ പൌരാണികചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൈത്തിരികളാണ്. ഐതിഹ്യങ്ങളുടെ ചുവടു പിടിച്ച്, പിന്നോട്ടു പോയാല്‍ ചെന്നെത്തി നില്‍ക്കുന്നത്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്ര ഭൂമികയിലാണ്. മലപ്പുറം ജില്ലയിലെ വള്ളുവനാട് മേഖലയിലുളള ഒരു ഗ്രാമ പഞ്ചായത്താണ്. മലനിരകളും ചെറുകുന്നുകളും പാടശേഖരങ്ങളും നദീതടങ്ങളും ഉള്‍ക്കൊള്ളുന്ന ഭൗമശാസ്ത്ര ഘടനയാണ് പഞ്ചായത്തിനുള്ളത്. സമൃദ്ധമായ ചെങ്കല്‍മണ്ണും കൃഷിക്ക് അനുയോജ്യമായ ഭൂവിശേഷതകളും ഇവിടുത്തെ പ്രധാന സവിശേഷതകളാണ്. മഴയെ ആശ്രയിച്ചുള്ള കാര്‍ഷിക മേഖലയാണ് പ്രദേശത്തിന്റെ മുഖ്യ സാമ്പത്തിക അടിത്തറ. തെങ്ങ്, നെല്ല്, വാഴ, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നടത്തപ്പെടുന്നു. ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ പ്രധാന ജലസ്രോതസ്സായി പ്രവര്‍ത്തിക്കുന്നു. പ്രകൃതിസൗന്ദര്യവും ഗ്രാമീണ ഭൂപ്രകൃതിയും മങ്കട പഞ്ചായത്തിന്റെ പ്രത്യേകതകളാണ്.